നന്നമ്പ്ര : പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തസ്ലീന ഷാജിയെ മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ധാരണയായതായി അറിയുന്നു. ഇന്നലെ വൈകുന്നേരം മർകസിൽ ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണ ആയത്. നിലവിൽ പ്രസിഡന്റ് സ്ഥാനം കൊടിഞ്ഞി പ്രദേശതുള്ള ആൾക്കായതിനാൽ മറ്റൊരു പേര് ഉയർന്നില്ല. മുൻ പ്രസിഡന്റിന് പുറമെ തസ്ലീന മാത്രമാണ് കൊടിഞ്ഞിയിൽ നിന്നുള്ളത്. ആറാം വാർഡ് കമ്മിറ്റി സൗദ മരക്കരുട്ടിയുടെ പേരാണ് പറഞ്ഞത്. ഭൂരിഭാഗം പേരും കൊടിഞ്ഞിക്ക് പ്രസിഡന്റ് പദവി നൽകണമെന്നാണ് അറിയിച്ചത്. ഏതാനും അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നു അറിയിച്ചു. മുൻ പ്രസിഡന്റിനെ രാജി വെപ്പിച്ചതിൽ പ്രതിഷേധിച്ച് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചിരുന്ന തിരുത്തി 21 ആം വാർഡ് കമ്മിറ്റിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർ തസ്ലീനയെ പറഞ്ഞതോടെ ലീഗ് കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. ഇതോടെ മറ്റുള്ളവരും പിന്തുണച്ചു. തസ്ലീനയെ പ്രസിഡന്റ് ആക്കാനാണ് മുൻ പ്രസിഡന്റ് റഹിയാനത്തിനെ രാജി വെപ്പിച്ചത് എന്നായിരുന്നു 21 ആം വാർഡ് കമ്മിറ്റിയുടെ ആരോപണം. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ ഊർപ്പായി 19 ആം വാർഡുകാരൻ ആണ്.
മുസ്തഫ ഊർപ്പായിയുടെ നേതൃത്വത്തിൽ, നേരത്തെ തന്നെ തസ്ലീന യെ പ്രസിഡന്റ് ആക്കാൻ തീരുമാനിച്ചാണ് മുൻ പ്രെസിഡന്റിനെ രാജി വെപ്പിച്ചത് എന്നു പ്രവാസി ലീഗ് പ്രസിഡന്റ് എം സി ബാവ ഹാജി സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു. അതേ സമയം യോഗത്തിൽ പങ്കെടുത്ത ഇദ്ദേഹവും തസ്ലീനയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്.
പുതിയ പ്രസിഡന്റ് സ്ഥാനാർഥിയെ പഞ്ചായത്ത് കമ്മിറ്റി ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. 6 നാണ് തിരഞ്ഞെടുപ്പ്. മെംബർമാർക്ക് പാർട്ടി വിപ്പ് നൽകും.
ആദ്യമായാണ് തസ്ലീന ജനപ്രതിനിധിയാകുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആളാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അന്ന് പിന്മാറിയതായിരുന്നു. പി എസ് എം ഒ കോളേജ് യൂണിയൻ മുൻ എഡിറ്ററും യൂത്ത് ലീഗ് നേതാവുമായ ഷാജി പാലക്കാട്ട് ആണ് ഭർത്താവ്. എം പി അബ്ദു സമദ് സമദാനിയുടെ പി എ ആയി മുമ്പ് സേവനം ചെയ്തിരുന്നു. ഇപ്പോൾ ഖത്തറിലാണ്. പത്തൊമ്പതാം വാർഡിൽ നിന്ന് മുമ്പും പ്രസിഡന്റ് ആയിട്ടുണ്ട്. പഞ്ചായത്തിന്റെ ആദ്യ വനിത പ്രസിഡന്റ് ആയ സി പി ജമീല അബൂബക്കർ വിജയിച്ചതും ഈ വാർഡിൽ നിന്നാണ്.