കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം ; ക്ഷേത്രോത്സവമാണ് കോളേജ് യൂണിയന്‍ ഫെസ്റ്റിവലല്ല, ഭക്തര്‍ പണം നല്‍കുന്നത് ദേവന്, ധൂര്‍ത്തടിക്കാനല്ല, കൂടുതലുണ്ടെങ്കില്‍ അന്നദാനം നടത്തൂ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത് ക്ഷേത്രോത്സവമാണെന്നും കോളേജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ലെന്നും വ്യക്തമാക്കിയ കോടതി, എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്നും ആരാഞ്ഞു. ഈ മാസം 10ന് ഗായകന്‍ അലോഷി അവതരിപ്പിച്ച ഗാനമേളയില്‍ പാടിയ പാട്ടുകള്‍ക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്.

എല്‍ഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച സ്റ്റേജിലെ ഒരുക്കങ്ങളും കോടതിയുടെ വിമര്‍ശനത്തിന് ഇടയായി. ഇതിനൊക്കെ എവിടെ നിന്നാണ് പണം പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഭക്തര്‍ പണം നല്‍കുന്നത് ദേവനു വേണ്ടിയാണ്. ആ പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടത്. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലാണെങ്കില്‍ അന്നദാനം നടത്തിക്കൂടെ എന്നും കോടതി വിമര്‍ശിച്ചു.

ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, സാധാരണക്കാരായ ഭക്തരാണ് ഇതില്‍ അംഗമാകേണ്ടത്, അല്ലാതെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരല്ല. ക്ഷേത്രത്തില്‍ ഭക്തിഗാനമേളയൊക്കെ കണ്ടിട്ടുണ്ട്. അല്ലാതെ സിനിമ പാട്ട് പാടാനുള്ളതാണോ ഉത്സവ സമയത്തെ ഗാനമേള എന്നും കോടതി ചോദിച്ചു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരില്‍ നിന്ന് പിരിവു നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

error: Content is protected !!