റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കണം ; കൗണ്‍സിലറുടെ ഏകദിന ഉപവാസം 4 ന്

പരപ്പനങ്ങാടി : ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള റോഡിന്റെ കയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത പരപ്പനങ്ങാടി നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ 40-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവിക്കോയ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നു. സെപ്തംബര്‍ 4 ബുധനാഴ്ച രാവിലെ നഗരസഭക്ക് മുമ്പിലാണ് കൗണ്‍സിലര്‍ ഉപവാസമനുഷ്ഠിക്കുന്നത്. ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കുമുള്ള റോഡിന്റെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസം.

ചാലിയില്‍ പാടത്ത് നിന്ന് ഹാര്‍ബറിലേക്കും അങ്ങാടി ജിഎം എല്‍ പി സ്‌കൂളിലേക്കും വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ മുറി തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും പണിയാന്‍ 5 വര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ 32 ലക്ഷം ഹാര്‍ബര്‍ ഫണ്ട് അനുവദിച്ചിരുന്നു. അതുപ്രകാരം അങ്ങാടി പാലം പണി പൂര്‍ത്തിയാവുകയും പാലത്തിന്റെ കിഴക്കുഭാഗം 40 മീറ്റര്‍ അപ്പ്രോച്ച് റോഡ് പണിയുകയും പടിഞ്ഞാറ് ഭാഗം 40 മീറ്റര്‍ അപ്പ്രോച്ച് റോഡിന്റെ പണി നടക്കുമ്പോള്‍ റോഡ്കയ്യേറ്റക്കാര്‍ തടസ്സപ്പെടുത്തിയതിന്റെ ഭാഗമായി പണി നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു. കയ്യേറ്റം ഒഴിപ്പിച്ച് അപ്രോച്ച് റോഡിന്റെ പണി നടത്താന്‍ കഴിയാത്തതുമൂലം നാല് ലക്ഷം രൂപ ലാപ്‌സായി പോവുകയും ചെയ്തുവെന്ന് സൈതലവി പറഞ്ഞു.

നഗരസഭാ സെക്രട്ടറിയുടെ പരാതിപ്രകാരം താലൂക്ക് സര്‍വേയര്‍ വന്ന് അളന്ന് കയ്യേറ്റം ബോധ്യപ്പെടുകയും അതിര്‍ത്തി രേഖപ്പെടുത്തുകയും സ്‌കെച്ചും റിപ്പോര്‍ട്ടും നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു. അങ്ങാടി ജിഎംഎല്‍പി സ്‌കൂളിലേക്കുള്ള പ്രധാനറോഡ് കയ്യേറ്റക്കാര്‍ കൈവശം വെച്ചുപോരുന്നത് മൂലം സ്‌കൂളിലേക്ക് വാഹനങ്ങള്‍ വരുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടെയാണ്. മുന്‍ ചെയര്‍മാന്‍ ഇടപെട്ടു പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നല്‍കിയെങ്കിലും കയറ്റക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരായതിനാല്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. നിലവിലെ ചെയര്‍മാനും പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതേവരെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറാവുന്നില്ല. കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ട നഗരസഭ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

error: Content is protected !!