
കുറ്റിപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 63 ലക്ഷം രൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. വേങ്ങര സ്വദേശികളായ എടക്കൻവീട് ചണ്ണയിൽ സഹീർ (26), ചേറൂർ ഉത്തൻകാര്യപ്പുറത്ത് ഷെമീർ (24) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്‌ച രാവിലെ 10-ന് കുറ്റിപ്പുറം മിനിപമ്പയിൽവെച്ചാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴൽപ്പണവുമായി പോയ കാർ പിന്തുടർന്ന് പിടിച്ചത്.
രഹസ്യ സന്ദേശത്തെത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. വേങ്ങരയിൽനിന്ന് തൃശ്ശൂരിലേക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു പിടിച്ചെടുത്ത പണം. പ്രതികൾ രണ്ടുപേരും മുൻപ് ഗൾഫിലായിരുന്നു.
അവിടെവെച്ച് മൊബൈൽകട നടത്തുന്ന മലപ്പുറത്തുകാരനായ സി.കെ.എം. എന്നയാളെ പരിചയപ്പെട്ടു. നാട്ടിലെത്തിയശേഷം ഇയാളുടെ നിർദേശാനുസരണം കുഴൽപ്പണം വിതരണം ചെയ്തെന്നാണ് ഇരുവരും പറയുന്നത്.
പണം അജ്ഞാതകേന്ദ്രത്തിൽനിന്നാണ് എത്തുന്നത്. പണം എത്തിച്ചുനൽകേണ്ടവരുടെ വിവരങ്ങൾ സി.കെ.എം. വാട്സാപ്പ് വഴി അയച്ചുകൊടുക്കും. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് പ്രധാനമായും പണമെത്തിക്കുന്നതെന്നും ഇവർ മൊഴിനൽകി.
പ്രതികളുടെ വരുമാനത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് ഇൻകംടാക്സ് ഓഫീസർ അറിയിച്ചു.
സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. പ്രമോദ്, എ.എസ്.ഐ. ജയപ്രകാശ്, എസ്.സി.പി.ഒ.മാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ.മാരായ സുമേഷ്, പാണ്ടിക്കാട് സ്റ്റേഷനിലെ മുഹമ്മദ് അഷ്റഫ്, അനീഷ്, കരിപ്പൂർ പോലീസ്‌സ്റ്റേഷനിലെ സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് കുഴൽപ്പണം പിടിച്ചത്.