ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം

Copy LinkWhatsAppFacebookTelegramMessengerShare

ന്യൂഡല്‍ഹി: ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയ്ക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.

രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എം പിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്ടാസിനെ തേടിയെത്തി.

ഡോ ജോണ്‍ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയില്‍നിന്ന് ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബിദ്യുത് ബരണ്‍ മഹതോ, ഡോ. സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ്മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ. അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാര്‍ഡ് ജേതാക്കള്‍.

ഡോ. എപിജെ അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് മുന്‍ എംപി ടി കെ രംഗരാജന്‍ അര്‍ഹനായി. ലോക് സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യ സഭയുടെ ട്രാന്‍സ്‌പോര്‍ട്ട് ടൂറിസം കള്‍ച്ചറല്‍ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!