പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കുട്ടത്തിലിനെ പ്രഖ്യാപിച്ചതില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും പാര്‍ട്ടി നിലപാട് തിരുത്തിയില്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് ഭയന്നാണ് താന്‍ മുന്നോട്ടുവന്നത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു.
പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നു പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണ്. പാര്‍ട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങള്‍ക്ക് കോട്ടം വന്നു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സാധിക്കാത്തത്? താന്‍ കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.