‘ സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരില്‍ തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘സേവ് ലൈഫ്’ ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജീവിത ശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശോധന പൂര്‍ത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവ ശേഖരണവും, വിലയിരുത്തലും നടത്തും. വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താനുമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് പേഷ്യന്റ് ബുക്ക് നല്‍കും. രോഗം നേരത്തെ കണ്ടെത്തി നിയന്ത്രിച്ച് ജീവിതം സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തുടര്‍ന്ന് തവനൂര്‍ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്തെ 400 വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റും വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, എ.കെ പ്രേമലത, പി.എസ് ധനലക്ഷമി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയ് ശങ്കര്‍, സെക്രട്ടറി ടി.അബ്ദുള്‍ സലീം, ഡോ. എം.ബി ശരത്ത്, കെ.കെ. പ്രജി, എ. അബ്ദുല്ല, ആര്‍. രാജേഷ്, കെ.കെ ജീജ, രാജേഷ് പ്രശാന്തിയില്‍, കെ.പി വേണു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!