വിഭാഗീയതയെ തുടർന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഒടുവിൽ കമ്മിറ്റി മരവിപ്പിക്കുന്നതിൽ എത്തിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറൽ സെക്രട്ടറി യും തമ്മിലാണ് പ്രശ്നമുള്ളത്. ഏറെ നാളായി തുടർന്നിരുന്ന പ്രശ്നം കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ രൂക്ഷമായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഇതിന് പിന്നിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ ആണെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. മുമ്പ്, ഇവരെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ മണ്ഡലം ജനറൽ സെക്രട്ടറി യും ചില വനിതാ ലീഗ് നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി നിർദേശിച്ച സ്ഥാനാർഥിയെ തോല്പിച്ചയാൾക്കെതിരെ നടപടി എടുക്കണമെന്ന് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽകി. ഇദ്ദേഹത്തെ ബഹിഷ്കരിക്കാനും തീരുമാനിച്ചു. സ്ഥാനാർഥിയെ തീരുമാനിച്ച കാര്യം അറിയിച്ചില്ലെന്നാണ് ഇവരെ എതിർത്തിരുന്നവർ പറയുന്നത്. മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ലീഗ് കമ്മിറ്റി രാജി നൽകി. നടപടി എടുത്താലെ പിൻവലിക്കൂ എന്ന നിലപാടിലായിരുന്നു. ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയതോടെ അന്ന് ജില്ല പ്രസിഡന്റ് ആയിരുന്ന സാദിഖലി ശിഹാബ് തങ്ങൾ ഇടപെടുകയും ഇരു കൂട്ടരോടും സംസാരിക്കുകയും ചെയ്തിരുന്നു. ഇനി പ്രശ്നമില്ലാതെ രണ്ട് കൂട്ടരും ഒന്നിച്ച് പോകാൻ നിർദേശിക്കുകയും ചെയ്തില്ലെങ്കിലും പഞ്ചായത്ത് ലീഗ് കമ്മിറ്റി തൃപ്തരായില്ല. ഇതിന് ശേഷം, വനിത ലീഗ് യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ അസഭ്യം പറയുകയും വേശ്യയാണെന്ന് ആളുകൾ കേൾക്കെ പറയുകയും ചെയ്തതായി ആരോപിച്ച് വനിത ലീഗ് നേതാവ് പോലീസിൽ പരാതി നൽകിയതോടെ പ്രശ്നം രൂക്ഷമായി. പരാതിയിൽ താനൂർ പോലീസ് കേസ് എടുക്കുകയും ചെയ്തു. കേസ് കൊടുപ്പിച്ചതിന് പിന്നിൽ പഞ്ചായത്ത് ലീഗ് കമ്മിറ്റിക്കും പങ്കുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെയാണ് ജില്ല കമ്മിറ്റി വീണ്ടും ഇടപെട്ട് നടപടി എടുത്തത്. കെ കെ റസാക് ഹാജി തെയ്യാല പ്രസിഡന്റും പൂഴിക്കൽ സലീം കൊടിഞ്ഞി ജനറൽ സെക്രട്ടറി യും എം സി കുഞ്ഞുട്ടി കുണ്ടൂർ ട്രഷററും ആയ 14 അംഗ കമ്മിറ്റിയെ മരവിപ്പിക്കുകയായിരുന്നു. കമ്മിറ്റി മരവിപ്പിച്ചതായും, മുൻ മണ്ഡലം നേതാവായ സി.അബൂബക്കർ ഹാജി കൊടിഞ്ഞി ചെയർമാനും കുണ്ടൂർ മർകസ് സെക്രട്ടറി ആയ എൻ പി ആലി ഹാജി കൺവീനറും മുൻ പഞ്ചായത്ത് പ്രസിഡന്റ് എം പി മുഹമ്മദ് ഹസ്സൻ വെള്ളിയാമ്പുറം ട്രഷററും ആയ കമ്മിറ്റിക്കാണ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് ചുമതല നൽകിയിട്ടുള്ളത്. മണ്ഡലം കമ്മറ്റിക്ക് ഇത് സംബന്ധിച്ച് കത്തു നൽകിയതായും അറിയുന്നു. പഞ്ചായത്ത് ലീഗ് പ്രസിഡന്റിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കമ്മിറ്റിയെ മരവിപ്പിച്ചതോടെ ഇത് പിൻവലിക്കാൻ ശ്രമങ്ങളും ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇനി പ്രശ്നമില്ലാതെ ഒരുമിച്ചു പോകാമെന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും അറിയിച്ചതായും ഇന്ന് വർക്കിങ് കമ്മിറ്റി യോഗം വിളിച്ചതായും ഇവർ നേതൃത്വത്തെ അറിയിച്ചത്രേ. നടപടി പിന്ലിക്കാൻ നേതൃത്വത്തെ കാണാനുള്ള ശ്രമത്തിലാണ്. പണക്കാട്ടേക്ക് ഇവരെ വിളിപ്പിച്ചതായാണ് അറിയുന്നത്.