കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് മകള്‍ ഷിംന പ്രതികരിച്ചു.

ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചെന്നും സജ്‌നയുടെ മകള്‍ പറയുന്നു.

Read Also: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്; ഒന്നര വയസുകാരന്റെ കാലിൽ ഡ്രിപ്പ് സൂചി ഒടിഞ്ഞുതറച്ചു

എന്നാല്‍ വലത് കാലിന് ഭാഗികമായി തകരാറുണ്ടായിരുന്നുവെന്ന് ഡോ.ബഹിര്‍ഷാന്‍ പറയുന്നു. ചെറിയ പ്രശ്‌നം ആദ്യം പരിഹരിച്ച ശേഷം രണ്ടാമത് ഇടത് കാലിലെ വലിയ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതിയെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുടുംബത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും അവര്‍ക്ക് മനസിലാകാത്തതാണെന്നും ഡോക്ടര്‍ പറഞ്ഞു.

error: Content is protected !!