സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

Copy LinkWhatsAppFacebookTelegramMessengerShare

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനായി മൂന്ന് സ്‌ക്രീനുകളും ഇവിടെ ഉണ്ടാകും. ദിവസവും ശരാശരി മുന്നൂറോളം പേര്‍ ഇപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നേരിട്ട് സേവനം തേടിയെത്തുന്നുണ്ട്. ചലാന്‍ കൗണ്ടറുകള്‍, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള ഡെസ്‌ക് സൗകര്യങ്ങള്‍, ഒരേസമയം 50 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, മറ്റു വിശ്രമ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷാഭവന്‍ തപാല്‍ ബ്രാഞ്ച് കൂടെ ഭാഗമാവുന്ന സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.  

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!