നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്.

സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയതോടെ കോഴിപ്പോരില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഓടി രക്ഷപ്പെടുകയും രണ്ട് പേര്‍ പിടിയിലാവുകയും ചെയ്തു. 1,000 രൂപയും രണ്ടു കോഴികളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തൊണ്ടിമുതലായി ലഭിച്ച കോഴികളെ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെ പോലീസ് ഇവയെ ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കോഴികളെ ലേലം ചെയ്തത്. 7,000 രൂപയ്ക്കായിരുന്നു കോഴികളെ ലേലം ചെയ്തത്.

error: Content is protected !!