
കോഴിക്കോട്: സഹപാഠികളുടെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ ആലോചന. എന്നാല്‍ സംഭവത്തില്‍ പ്രതികളായ 5 വിദ്യാര്‍ഥികള്‍ ഇന്നു പൊലീസ് സംരക്ഷണത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് ജുവൈനല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരെ പരീക്ഷ എഴുതിക്കില്ല എന്ന തീരുമാനത്തോടെയാണ് യുവജന സംഘടനകള്‍ രംഗത്തെത്തിയത്.
ജുവൈനല്‍ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനല്‍ ഹോമിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ജുവനൈല്‍ ഹോമിന്റെ മതില്‍ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞു.
നേരത്തെ ജുവൈനല്‍ ഹോമിന്റെ അടുത്തുള്ള സ്‌കൂളുകളില്‍ എഴുതിക്കാനായിരുന്നു ആലോചന. എന്നാല്‍ പ്രതിഷേധം കനക്കുകയായിരുന്നു. ഇതോടെയാണ് ജുവൈനല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്. ജുവനൈല്‍ ഹോമിനു മുന്നില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കി. സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. റൂറല്‍ എസ്പി കെ.ഇ.ബൈജുവാണു സംഘര്‍ഷസാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ പരീക്ഷ എഴുതിക്കുന്നതില്‍ എതിര്‍പ്പുമായി വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.