ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി ; യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി എന്നിവരാണ് രക്ഷകരായത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

യുവതി വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അനസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ചെമ്പക കുട്ടി. എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സ് പൈലറ്റ് അനസ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

error: Content is protected !!