ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്ഐ മുങ്ങി മരിച്ചു. തൃശൂർ മാള വലിയപറമ്പ് സ്വദേശി സുബീഷ് മോൻ (38) ആണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങി മരിച്ചത്. കോട്ടോളി ഗീതയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കരിങ്ങനാട് കുണ്ടിലെ ഇരുമ്പു കമ്പനിക്കു സമീപം വാടകവീട്ടിലാണ് എസ്ഐ താമസിക്കുന്നത്. കരിങ്ങനാട് വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു അവധിക്കു വീട്ടിൽ എത്തിയ സഹോദരൻ, സഹോദരന്റെ മകൻ, കൂട്ടുകാർ എന്നിവർക്കൊപ്പം തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികളിലൊരാൾ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതോടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇവിടെയുള്ള കിടങ്ങുപോലെയുള്ള ഭാഗത്തെ ചുഴിയുടെ ആഴത്തിലേക്ക് സുബീഷ് മോൻ താഴ്ന്നു പോയതിനെത്തുടർന്ന് കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തി. പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ആഴത്തിൽ നിന്ന് മുങ്ങിയെടുത്ത സുബീഷ് മോനെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റ്മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാഴ്‌ച മുൻപാണ് ഇദ്ദേഹം കൊപ്പത്ത് എസ്‌ഐ ആയി ചുമതലയേറ്റത്. കൊരട്ടി, കൊടകര, ഇരിങ്ങാലക്കുട സൈബർ സെൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മകൾ: സരയൂ. സംസ്കാരം പിന്നീട്.

error: Content is protected !!