ന്യൂഡൽഹി: മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്ഥനയായ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.
ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെർദിൽ സിംഗ് സിദ്ദു പറഞ്ഞു.
എല്ലാ മതങ്ങളും ഒന്നാണ്, മനുഷ്യത്വത്തിലും മാനവികതയിലും സിഖ് സമൂഹം വിശ്വസിക്കുന്നു. ഗുരുവിന്റെ വീടാണ് ഗുരുദ്വാര. എല്ലാ മതവിഭാഗക്കാർക്കും ഇവിടെ വരാം, പ്രാർത്ഥിക്കാം. മുസ്ലിം വിഭാഗത്തിലുള്ള ആളുകൾ പ്രാർത്ഥിക്കാനാവശ്യമായ സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഗുരുദ്വാരയിൽ പ്രാർത്ഥിക്കാം.
സിഖ് ഗുരുവായ ഗുരു നാനാകിന്റെ ജന്മദിനമായ നവംബർ 19നാണ് തീരുമാനം നടപ്പിലാക്കുന്നത് എന്ന കാര്യവും സിദ്ദു ചൂണ്ടിക്കാട്ടി. രണ്ടായിരത്തിവേറെ ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരകളിലുണ്ട്.
സിഖ് സമൂഹത്തിന്റേത് ഏറ്റവും നല്ലൊരു മാതൃകയാണെന്നും ഇത് സമൂഹത്തിനിടയിൽ ഐക്യം ഉണ്ടാക്കാൻ സഹായിക്കുമെന്നും ജാമിഅത്ത് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു.