സോളാറുമായി മുന്നോട്ടു പോയാല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്കണവാടികളില്‍ മുഴുവന്‍ സ്വന്തം ചെലവില്‍ സോളാര്‍ സ്ഥാപിക്കുകയാണെങ്കില്‍ അങ്കണവാടികള്‍ക്ക് വേണ്ട ഇന്‍ഡക്ഷന്‍, കുക്കര്‍ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. അതിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും അനെര്‍ട്ടും ഇ.ഇ.എസ്.എല്‍. (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബ ബഡ്ജറ്റില്‍ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനെന്നും സോളാര്‍ കൂടി സ്ഥാപിച്ചാല്‍ ഗ്യാസ്, വൈദ്യുതി ചാര്‍ജ് തുടങ്ങിയവയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദനം ഇല്ലാത്ത സംസ്ഥാനം കേരളമാണ്. നിലവില്‍ 500 വാട്ട് വൈദ്യുതി ഹൈഡല്‍ പ്രോജക്ടും സോളാറും ചേര്‍ന്ന് ഉത്പാദിപ്പിച്ച് കഴിഞ്ഞു. രണ്ട് കൊല്ലം കൊണ്ട് 2000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനായി ഹൈഡല്‍ പ്രോജക്റ്റിന് വലിയ രീതിയില്‍ മുന്‍ഗണന കൊടുത്തിട്ടുണ്ട്.
ലൈഫ് മിഷന്‍ വീടുകള്‍ക്ക് സോളാര്‍ സ്ഥാപിക്കുന്നുണ്ട്. എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനായി 100 കോടി രൂപ ചെലവഴിക്കും. അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ പ്രിസിഷന്‍ ഫാമിങ് നടത്തുന്നുണ്ടെന്നും കോള്‍ഡ് സ്റ്റോറേജിന്റെ വൈദ്യുതി ചാര്‍ജ് മൂന്ന് രൂപയായി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പെഴ്സണ്‍ എ. നസീറ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ അഡ്വ. ഷാന്‍സി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ മുണ്ടുമ്മല്‍,കെ.എസ്.ഇ.ബി എഞ്ചിനീയര്‍ പങ്കജാക്ഷന്‍, അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍, അസി. പ്രൊജക്ട് എഞ്ചിനീയര്‍ പി.എസ് മിഥുന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ ആദ്യവാഹനത്തിന്റെ ചാര്‍ജിങ് നിര്‍വഹിച്ചു.
24 മണിക്കൂറും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് അനെര്‍ട്ട് മുഖാന്തരം ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. അനെര്‍ട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ.വി ചാര്‍ജിങ് സ്റ്റേഷനാണ് ഇത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാര്‍ജിങ് ഗണ്ണുകള്‍ മെഷീനിലുണ്ട്. ടെസ്ല കാറുകളില്‍ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗണ്‍. ഭാവിയിലെ മാറ്റം കൂടി ഉള്‍കൊള്ളാന്‍ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജിങിനു 30 മുതല്‍ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ഇലക്ട്രീഫൈ എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ജില്ലയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും അനെര്‍ട്ടിന്റെ പൊതു ചാര്‍ജിങ് സ്റ്റേഷന്‍ ഗുണകരമാകും. പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.