തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്കുന്നത്. സൈജലിന്റെ മൂന്ന് അമ്മാവന്മാരും വലിയുപ്പയുടെ സഹോദരനും യതീം ഖാനയിൽ ആയിരുന്നെന്ന് സെക്രട്ടറി എം കെ ബാവ പറഞ്ഞു. കുടുംബത്തിന്റെ താൽപര്യ പ്രകാരം ചെയ്യുമെന്ന് ഇദ്ദേഹം പറഞ്ഞു.