Monday, August 4

അമ്മയെ നോക്കാന്‍ മറ്റു മക്കളുണ്ടെന്ന് മകന്‍ ; അമ്മയെ നോക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് ഹൈക്കോടതി

കൊച്ചി : അമ്മയുടെ കാര്യങ്ങള്‍ നോക്കാത്ത മകന്‍ മനുഷ്യ നല്ലെന്നു ഹൈക്കോടതി. 100 വയസ്സായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നല്‍ കണമെന്ന കൊല്ലം കുടുംബ ക്കോടതി ഉത്തരവു ചോദ്യം ചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 100 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അമ്മയ്ക്ക് മറ്റ് മക്കളുണ്ടെന്ന കാരണത്താല്‍ സംരക്ഷണം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007’ പ്രകാരം അമ്മയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മകന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ജീവനാംശം നല്‍ കാന്‍ മറ്റു മക്കളുള്ളതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ചുണ്ടിക്കാട്ടി.

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ഓരോ കുട്ടിയുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും മറ്റ് കുട്ടികളുടെ സാന്നിധ്യം ഈ ബാധ്യതയില്‍ നിന്ന് ഒരാളെയും ഒഴിവാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

അമ്മയുടെ വാര്‍ദ്ധക്യവും അനാരോഗ്യവും പരിഗണിച്ച്, സാമ്പത്തിക സഹായം നിഷേധിക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വയം ജീവിക്കാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ മക്കളോ അവകാശികളോ നിയമപരമായി ബാധ്യസ്ഥരാണെന്ന് ‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനായുള്ള നിയമം-2007’ അനുശാസിക്കുന്നു. ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ ഈ വിധി.

ഹര്‍ജി നല്‍കുമ്പോള്‍ അമ്മയ്ക്ക് 92 വയസ്സായിരുന്നു. ഇപ്പോള്‍ നൂറുവയസ്സായ അമ്മ മകനില്‍നിന്നു സംരക്ഷണച്ചെലവിനായി കാത്തിരിക്കേണ്ട അവസ്ഥയാണെന്നും 2000 രൂപ മാസംതോറും നല്‍കുന്നതിനുവേണ്ടി അമ്മയോടു മകന്‍ പോരാടുന്ന സമുഹത്തിലെ അംഗമെന്ന നിലയില്‍ അപമാനം തോന്നുന്നെന്നും കോടതി പറഞ്ഞു.

അമ്മയല്ല, സ്വാര്‍ഥ താല്‍പര്യം മൂലം ചേട്ടനാണു കേസിനു പിന്നിലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെയൊപ്പം വന്നു താമസിച്ചാല്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ തയാറാണെന്നും അറിയിച്ചു. എന്നാല്‍ ഈ വാദമൊന്നും കോടതി അംഗീകരച്ചില്ല പ്രായമാകുമ്പോള്‍ മാതാപിതാ ക്കളുടെ പെരുമാറ്റവും സ്വഭാവ വും മാറാം. കുട്ടികളെപ്പോലെ നിര്‍ബന്ധ ബുദ്ധി കാണിക്കാം. അവരെ ആശ്വസിപ്പിക്കേണ്ടതും മനസ്സിലാ ക്കേണ്ടതും ക്ഷമകാണിക്കേണ്ടതും മക്കളാണെന്നും കോടതി പറഞ്ഞു.

error: Content is protected !!