
പത്തനംതിട്ട: തിരുവല്ലയില്‍ വീടിനുള്ളില്‍ വെച്ച് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. തിരുവല്ല പുളിക്കീഴിലാണ് സംഭവം. കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഇളയ മകന്‍ അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബ വഴക്കിനൊടുവില്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടിയെ അനില്‍കുമാര്‍ മാരകമായി വെട്ടുകയായിരുന്നു. തടസ്സം പിടിക്കാന്‍ ചെന്ന അമ്മ ശാരദയെയും ആക്രമിച്ചു. ഇരുവരും തല്‍ക്ഷണം മരിച്ചു. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മകന്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അനില്‍കുമാര്‍ വിവാഹമോചിതനാണ്. ഇയാളുടെ ശല്യം കാരണം അച്ഛനും അമ്മയും ഏറെ കാലമായി വാടകവീട്ടില്‍ ആയിരുന്നു താമസം. ഇക്കഴിഞ്ഞ ദിവസമാണ് മകന്‍ തന്നെ ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.