
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്.
ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു.
പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി. എങ്ങനെയാണ് ജയിൽ ചാടിയതെന്ന് വ്യക്തമായിട്ടില്ല.
2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
2016-ല്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രെയിനില്‍ നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാല്‍ ട്രെയിനില്‍നിന്ന് പെണ്‍കുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.
വധശിക്ഷ നല്‍കിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹർജിയിലാണ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂർ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
2011 ഫിബ്രവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി ക്രൂര പീഡനത്തിന് ഇരയായത്. ഫിബ്രവരി ആറിന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടി മരിച്ചു.