പൊന്നാനി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പി. നന്ദകുമാര്‍ എം.എല്‍.എ എക്സിബിഷന്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ചടങ്ങില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ ശ്രീകല ചന്ദ്രന്‍, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ് പുഴക്കര എന്നിവര്‍ സംസാരിച്ചു. ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ‘കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയും സംസ്‌കരണവും’ എന്ന വിഷയത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘കുടംബശ്രീ: സ്ത്രീ ശാക്തീകരണത്തിന്റെ കാല്‍ നൂറ്റാണ്ട്’ എന്ന വിഷയത്തിലും സെമിനാര്‍ നടന്നു. കലാഭവന്‍ അഷ്‌റഫും സംഘത്തിന്റെയും മിമിക്‌സ് ജോക്‌സ്, ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും നടന്നു.
ഇന്ന് രാവിലെ ‘ജല്‍ ജീവന്‍ മിഷന്‍: ജലഗുണനിലവാര മാനദണ്ഡങ്ങളും പ്രാധാന്യവും’ വിഷയത്തില്‍ കേരള ജല അതോറിറ്റിയുടെയും ഉച്ചയ്ക്ക് 2.30ന് ആയുര്‍വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും സെമിനാറുകള്‍ നടക്കും. വൈകീട്ട് 4.30ന് സൂര്യപുത്രന്‍ നൃത്തശില്‍പ്പവും വൈകീട്ട് ഏഴിന് ഉണര്‍വ്വ് നാട്ടുത്സവം- നാടന്‍പാട്ടും തനതു കലാരൂപങ്ങളുടെ അവതരണവും നടക്കും. മെയ് 16ന് ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്‍ നയിക്കുന്ന സംഗീത നിശയോടെയാണ് മേള സമാപിക്കുക.
സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലെ പ്രധാന ഇനം. 66 സര്‍ക്കാര്‍ വകുപ്പുകളുടെ 110 തീം- സര്‍വീസ് സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 125 വിപണന യൂണിറ്റുകള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് പ്രദര്‍ശന സ്റ്റാളുകള്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35ഉം ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ഭക്ഷ്യമേളയും നടക്കുന്നുണ്ട്. എന്‍ജിനീയറിങ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ ടെക്നോ ഡെമോ, സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ സ്പോര്‍ട്സ്- ചില്‍ഡ്രന്‍സ് സോണുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശന ഹാളിലേക്ക് പ്രവേശനം. മേളയുടെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാര്‍ അണി നിരക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍, വിവിധ വകുപ്പുകളുടെ സെമിനാറുകള്‍ എന്നിവയും നടക്കും