രോഗിയുമായി പോയ അംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഉടമയായ കോഴിക്കോട് സ്വദേശി തരുണിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. തരുണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്.

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുണ്‍ കാറോടിച്ചത്. കെഎല്‍ 11 എആര്‍ 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം.

പലതവണ ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി നല്‍കിയില്ല. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. കാര്‍ തുടര്‍ച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. വണ്‍വേ ആയ കക്കോടി ബൈപാസില്‍ വച്ചാണ് ഒടുവില്‍ ആംബുലന്‍സിനു കാറിനെ മറികടക്കാനായത്.

നിരന്തരം മാര്‍ഗതടസം സൃഷ്ടിച്ചതോടെ ആംബുലന്‍സിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാറിന്റെ വിഡിയോ പകര്‍ത്തി. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് മോട്ടോര്‍ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു.

error: Content is protected !!