വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു സമയത്തും അവരുടെ സഹായം ഉണ്ടാകും.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ബസ് ജീവനക്കാരും അധ്യാപകരും ഒരുപോലെ ഉറപ്പുവരുത്തണം. കൂടുതല്‍ കുട്ടികളെ ഒരു ബസില്‍ തന്നെ കയറ്റാതെ തുടര്‍ന്ന് വരുന്ന ബസുകളില്‍ കയറ്റാന്‍ അധ്യാപകരും  പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ സ്‌കൂളുകളിലെ ബസുകളെല്ലാം നിരത്തിലിറക്കാനാണ് തീരുമാനം. ഇതിനായി സ്‌കൂളുകളിലെ എല്ലാ ബസുകളും പ്രയോജനപ്പെടുത്തും. ബസുകളെല്ലാം നിരത്തിലിറക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ആര്‍ടിഒ അറിയിച്ചു. തിരൂര്‍, മഞ്ചേരി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ ഓടുന്നത്. കുട്ടികള്‍ കൂടുന്നതിനനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സിയുടെ പരിഗണനയിലുണ്ട്. കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ആവശ്യമനുസരിച്ച് പദ്ധതി നടപ്പിലാക്കാന്‍ ആലോചനയുണ്ട്.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാവികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. മലപ്പുറം ആര്‍.ടി.ഒ വി.എ സഹദേവന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.കെ സുരേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ് കുസുമം, എ.എസ്.പി, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍, സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!