പൂനെ: ഓണ്‍ലൈന്‍ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് പൊലീസാണ് മോശം പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എസ്‌ഐക്കെതിരെ നടപടിയെടുത്തത്. അനുമതിയില്ലാതെയാണ് ഝെന്‍ഡെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ഒന്നര കോടി കിട്ടിയതിന്റെ സന്തോഷം എസ്‌ഐ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തിയെന്നും ഇതാണ് സസ്‌പെന്‍ഷന് കാരണമെന്നും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്വപ്ന ഗോര്‍ പറഞ്ഞു.
ഒന്നര കോടി അടിച്ചെന്ന് അറിഞ്ഞപ്പോള്‍ പണമൊന്നും ലഭിക്കില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ പണമെത്തി. ഇതില്‍ നിന്ന് 60,000 രൂപ കമ്പനി പിടിച്ചു. ബാക്കി 1,40,000 രൂപ ലഭിച്ചെന്നും കിട്ടുന്ന പണം കൊണ്ട് വീടിന്റെ ലോണ്‍ അടച്ചു തീര്‍ക്കാനാണ് പദ്ധതിയെന്നും എസ്‌ഐ പറയുകയുണ്ടായി. കിട്ടുന്നതില്‍ പകുതി സ്ഥിര നിക്ഷേപമായി ബാങ്കിലിടും. അതില്‍ നിന്നുള്ള പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് എസ്‌ഐ വിശദീകരണം നല്‍കണം. ഈ വിശദീകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടി.