സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത് മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്
ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്' (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും. പഠനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന സസ്യസാമ്പിളുകള്‍ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല ബോട്ടാണിക്കൽ ഗാര്‍ഡനില്‍ (CUBG) സംരക്ഷിക്കുകയും വൗച്ചര്‍ സ്‌പെസിമനുകള്‍ ...

