തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണാഭരണം മോഷണം പോയി. മൂന്നിയൂർ പാറേക്കാവ് സ്വദേശി വമ്പിശ്ശേരി മുസമ്മിൽ– മുബഷിറ ദമ്പതികളുടെ മകൻ സിഹ്‍ലാലിന്റെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ രാവിലെ 11.20ന് താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന സ്ഥലത്താണ് സംഭവം. ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടയിൽ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് അറിഞ്ഞത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒപി ടിക്കറ്റ് എടുക്കാൻ വരി നിന്നപ്പോൾ 2 നാടോടി സ്ത്രീകൾ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു. ഇവർ മുൻപ് താനൂർ ഗവ. ആശുപത്രിയിലും സമാനമായ തരത്തിൽ മോഷണം നടത്തിയവരാണെന്ന് പൊലീസ് പറഞ്ഞു. മുബഷിറയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....