താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍, ഇതുവരെ പിടിയിലായത് 5 പേര്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്റെ പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്റെ പിടിയിലായായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും.

അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

error: Content is protected !!