സാങ്കേതിക തകരാര്‍; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

കരിപ്പൂര്‍ : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയര്‍ന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ ലാന്റ് ചെയ്യാന്‍ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.

error: Content is protected !!