താനൂരില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

താനൂര്‍ തെയ്യാലയില്‍ നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്.

മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭര്‍ത്താവുമായിരുന്ന താനൂര്‍ തെയ്യാല സ്വദേശി അഞ്ചുമുടിയില്‍ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീര്‍ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്.

പുലര്‍ച്ചെ വീടിനുള്ളില്‍ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. കാമുകന്‍ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു.

ഗള്‍ഫിലായിരുന്ന ബഷീര്‍ കൃത്യം നടത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫിലും ഇയാള്‍ക്കെതിരെ പ്രചാരമുണ്ടായതോടെ പിടിച്ചുനില്‍ക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സൗജത്തും കേസില്‍ പ്രതിയായിരുന്നു.

പിന്നീട് റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും കൊണ്ടോട്ടി പുളിക്കലിലെ വലിയപറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരവേ ക്വാര്‍ട്ടേഴ്സില്‍ എത്തി സൗജത്തിനെ കൊലപ്പെടുത്തിയത്. അന്ന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഈ കേസില്‍ ജാമ്യത്തിലായിരുന്ന ബഷീര്‍ നാലുവര്‍ഷത്തിനുശേഷം 2022 നവംബര്‍ 29ന് സൗജത്തിനെ കൊലപ്പെടുത്തി. ഈ കേസിലാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. കൊണ്ടോട്ടി പുളിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സൗജത്തിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. അന്ന് ബഷീറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുശേഷം ഡിസംബര്‍ 14നാണ് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ഫെബ്രുവരിയിലാണ് തിരിച്ച് മഞ്ചേരി ജയിലില്‍ എത്തിച്ചത്. തുടര്‍ന്ന് ഓരോ മാസവും മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് കൊണ്ടുപോകാറുണ്ട്.

പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

error: Content is protected !!