തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് പര്‍വ്വതിപുരം സ്വദേശിയായ മഹാരാജിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ശനിയാഴ്ച്ച രാവിലെ 9.30 ഓടെയാണ് മുക്കോലയില്‍ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റില്‍ അകപ്പെട്ടത്. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.
രാത്രി വൈകിയും വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഇന്ന് രാവിലെയോടെയാണ് തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. ഫയര്‍ഫോഴ്‌സ്, പൊലീസ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞവര്‍ഷത്തെ മഴയില്‍ കിണറിലെ ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇത് മാറ്റാനാണ് തൊഴിലാളികള്‍ എത്തിയത്. മഹാരാജ് ഉള്‍പ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠന്‍ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയന്‍, ശേഖരന്‍, കണ്ണന്‍ എന്നിവര്‍ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയില്‍ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.