125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം മുങ്ങി

ഇരുവരും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി

കാസർകോട്: വിവാഹത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണാഭരണവുമായി നവവധു സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. 125 പവന്റെ സ്വർണാഭരണങ്ങളുമായാണ് കളനാട് സ്വദേശിയായ യുവതി കൂട്ടുകാരനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞ യുവതിയും സഹപാഠിയും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും ഹാജരായത്.

ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പൂച്ചക്കാട്ട് സ്വദേശിയായ ഭാർത്താവിനൊപ്പം യുവതി കഴിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏകദേശം ഒരാഴ്ചയോളം യുവതി ഭർതൃവീട്ടിൽ താമസിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഒരു ദിവസം അതിരാവിലെ തന്നെ യുവതിയെ കാണാതായത് സംശയം ഉണ്ടാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞതെന്ന് ബന്ധുക്കൾക്ക് മനസ്സിലായത്.

കാസർകോട് സന്തോഷ് നഗർ സ്വദേശിയും സഹപാഠിയുമായ യുവാവിനൊപ്പമായിരുന്നു യുവതി മുങ്ങിയത്. യുവാവിനൊപ്പം കാറിൽ കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരും കർണ്ണാടകയിലാണെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നും അത് മറച്ചുവച്ച് യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന സൂചന.

error: Content is protected !!