Tuesday, November 11

മക്കളെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടി; ഒരുവര്‍ഷത്തിന് ശേഷം യുവതിയും കാമുകനും പിടിയില്‍

അരൂർ: രണ്ടു മക്കളെ ഉപേക്ഷിച്ചു രണ്ടാമതും കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും ഒരു വർഷത്തിനു ശേഷം അരൂർ പോലീസ് ഇരിങ്ങാലക്കുടയിൽ നിന്ന് പിടികൂടി. എരമല്ലൂർ കറുകപ്പറമ്പിൽ വിദ്യാമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാമോളുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.

13-ഉം നാലും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒരിക്കൽ വിദ്യാമോൾ ശ്രീക്കുട്ടനൊപ്പം നാട് വിട്ടിരുന്നു. അന്ന് പോലീസ് കണ്ടെത്തി ഇവരെ ഭർത്താവിനൊപ്പം വിട്ടു. പിന്നീടും ശ്രീക്കുട്ടനുമായുള്ള ബന്ധം തുടർന്ന വിദ്യാമോൾ ഒരു വർഷം മുൻപ് വീണ്ടും ഒളിച്ച് കടക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ താമസിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസാണ് എടുത്തിട്ടുള്ളതെന്ന് സി.ഐ. പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അരൂർ എസ്.ഐ. അഭിരാം, എ.എസ്.ഐ. കെ. ബഷീർ, സീനിയർ സി.പി.ഒ. ബിനിമോൾ, സി.പി.ഒ. ബിനുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!