
ദില്ലി : പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ടി ആര്‍ എഫ് തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്ലിന്റേതടക്കം താവളങ്ങളാണ്. റാവല്‍പിണ്ടിയിലെ ഇയാളുടെ താവളവും ലക്ഷ്യത്തിലുണ്ട്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ദില്ലിയില്‍ ചേരുന്നുണ്ട്.
സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഗുല്‍, പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ സംരക്ഷണയില്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സജ്ജാദ് ഗുല്‍ കേരളത്തിലും കഴിഞ്ഞിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. പഠനത്തിന് വേണ്ടിയാണ് ഷെയ്ഖ് സജാദ് ഗുല്‍ കേരളത്തിലടക്കം എത്തിയത്. ബെംഗളൂരുവിലെ എംബിഎ പഠനത്തിന് ശേഷം കേരളത്തില്‍ എത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ശ്രീനഗറില്‍ ലാബ് നടത്തുന്നതിനിടെയാണ് ലഷ്‌കറിന്റെ നിഴല്‍ സംഘടനയായ ടിആര്‍എഫില്‍ സജീവമായത്. മറ്റ് നിരവധി ഭീകരാക്രണങ്ങളിലും സജാദ് ഗുല്ലിന് പങ്കെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2020 മുതല്‍ 2024 വരെ മധ്യ, ദക്ഷിണ കശ്മീരുകളില്‍ നടന്ന കൊലപാതകങ്ങള്‍, 2023 ല്‍ മധ്യ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങള്‍, ബിജ്‌ബെഹ്ര, ഗഗാംഗീര്‍, ഗണ്ടര്‍ബാലിലെ ഇസഡ്-മോര്‍ ടണല്‍ എന്നിവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളുമായി അയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.