അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 20) വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും. വേങ്ങര ഗാന്ധിദാസ് പടിയില്‍ മൃഗാശുപത്രിയ്ക്ക് സമീപമാണ് പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ കായിക-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി വിജയ് എസ.്സഖറെ, ഐ.ജി ടി.വിക്രം, ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസല്‍, സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍, വി. സലീമ, യു. ഹംസ, പഞ്ചായത്തംഗം ഹസീന ബാനു, ജില്ലാ പഞ്ചായത്ത് അംഗം സമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അസീസ്, പ്രദീപ് കുമാര്‍, കെ.ഷിനീഷ്, മലപ്പുറം ഡി.വൈ.എസ്.പി പി.അബ്ദുല്‍ ബഷീര്‍, വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം.മുഹമ്മദ് ഹനീഫ തുടങ്ങിവര്‍ പങ്കെടുക്കും.
45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍സ് ജെന്‍ഡര്‍, പുരുഷന്‍, സ്ത്രീ തടവുകാരെ താത്ക്കാലികമായി പാര്‍പ്പിക്കുന്നതിന് വെവേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹാര്‍ദ പൊലീസ് സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിനായി വനിതകള്‍ ഉള്‍പ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. 1977ല്‍ കച്ചേരിപ്പടിയിലാണ് വേങ്ങര പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സ്റ്റേഷന്‍ നിലവിലെ സ്ഥലത്തെ കെട്ടിടത്തിലേക്ക് മാറ്റി. 2007ല്‍ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുകയും തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയുമായിരുന്നു.