ചുങ്കത്തറ പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. പഞ്ചായത്ത് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നിഷിത മുഹമ്മദിനെ ഒൻപതിനെതിരെ 11 വോട്ടുകൾക്ക് എൽഡിഎഫിലെ എം കെ നജുമുനിസ പരാജയപ്പെടുത്തി. നിലമ്പൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജയശ്രീയുടെ മേൽനോട്ടത്തിൽ ചുങ്കത്തറ പഞ്ചായത്ത് ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ ഉൾപ്പെടെ യുഡിഎഫിനെ കൈവിട്ടപ്പോൾ ഒപ്പം നിന്ന പഞ്ചായത്തായിരുന്നു ചുങ്കത്തറ. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 വീതം സീറ്റുകളായിരുന്നു എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. സിപിഎം 10 കോൺഗ്രസ് 7, മുസ്ലിം ലീഗ് 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി പതിനാലാം വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ച എം കെ നജുമുനീസ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് വത്സമ്മ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡൻ്റായുള്ള യുഡിഎഫ് ഭരണസമിതി താഴെ വീണത്. ഈ മാസം ആദ്യവാരമായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും നടന്നത്.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച 14-ാം വാർഡ് അംഗം എം കെ നജുമുനീസയെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫ് എത്തിച്ചത്. ചുങ്കത്തറ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിനു ശേഷം പുതിയ പഞ്ചായത്ത് പ്രസിഡൻ്റായി വരണാധികാരിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു നജുമുനിസ അധികാരമേറ്റു. പഞ്ചായത്ത്
ഭരണം കൈവിട്ടത് യുഡിഎഫിനു വലിയ തിരിച്ചടിയായപ്പോൾ, അധികാരം പിടിച്ചെടുത്തത് നിലമ്പൂരിലെ എൽഡിഎഫ് പ്രവർത്തകർക്ക് ഇരട്ടി മധുരമായി. 11 വർഷത്തിന് ശേഷമാണ് എൽ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നത്.