പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്‌ഥ അതിദയനീയം

പെരിന്തൽമണ്ണ: കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്ഥ അതിദയനീയം. കീഴാറ്റൂർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ള, ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് മുജീബ് വർഷങ്ങളായി താമസിക്കുന്നത്. ഒപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ഇയാൾ ഓഫീസുകൾ കയറി ഇറങ്ങുകയാണ്.

രണ്ട് മുറി മാത്രമാണ് ഈ വീട്ടിലുള്ളത്. മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ വീടിനുള്ളിൽ വലിയൊരു കുട നിവർത്തി വച്ചിട്ടുണ്ട് മുജീബ്. ഒരു വീട് എന്നുള്ളതാണ് മുജീബിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് വേണ്ടിയാണ് ഇയാൾ വർഷങ്ങളായി ഓഫീസ് കയറിയിറങ്ങിയത്. എന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇയാൾ ഇത്തരമൊരു കടുംകൈക്ക് മുതിർന്നത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ പഞ്ചായത്തിൽ വേറെയില്ല എന്നാണ് നാട്ടുകാരിലൊരാളുടെ വാക്കുകള്‍. മൂന്ന് സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്.

ഇന്ന് ഉച്ചയോടെയാണ് മുജീബ് കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലെത്തി തീയിട്ടത്. സംഭവത്തിൽ ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. ആളപായമില്ല. പെട്രോളൊഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു. നിരവധി തവണ അപേക്ഷിച്ചിട്ടും തന്റെ പേര് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിന്റെ നിരാശയിലാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടതെന്ന് മുജീബ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ രാഷ്ട്രീയ ആരോപണവും ഉയരുന്നുണ്ട്. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സംഭവത്തില്‍ പഞ്ചായത്താണ് ഉത്തരവാദിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. മൂന്ന് വർഷമായി ലൈഫ് പദ്ധതിക്ക് വേണ്ടി ഇയാൾ പഞ്ചായത്തിൽ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതിക്ക് അർഹനായ വ്യക്തിയാണ്. വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാൽ ഭരണപക്ഷം പറയുന്നത് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നാണ്. ഈ വർഷം അമ്പത് പേർക്കാണ് വീട് കൊടുക്കാൻ കഴിയുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. മുജീബ് ലിസ്റ്റിൽ 104 ആയിരുന്നു. അടുത്ത വർഷം വീട് കൊടുക്കും എന്ന് പറഞ്ഞിരുന്നു എന്നും യുഡിഎഫ് പറഞ്ഞു.

error: Content is protected !!