കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ ഒഴിവാക്കിയ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടുപ്രതിയായി വഫായേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടന്നതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തേക്കിറങ്ങി ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ദൃക്സാക്ഷികളും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ മൊഴി തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചു.
അതേ സമയം രണ്ടാം പ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി. വഫയുടെ ഹര്‍ജി അംഗീകരിച്ചാണ് നടപടി. ഇവര്‍ക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു.