
വാതിൽ തുറന്നത് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ച്
കോഴിക്കോട്: സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ അരമണിക്കൂറിലേറെ രോഗി ഉള്ളിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചു.
ഫറോക്ക് കരുവൻതിരുത്തി എസ്.പി. ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനടെ സ്‌കൂട്ടർ വന്നിടിച്ച് പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയുടെ ഡോക്ടറടക്കമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റിയത്.
ചെറൂട്ടി റോഡിൽ പി.കെ.സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
ഭാര്യ: നഫീസ. സഹോദരങ്ങൾ: എസ്.പി.ഹസ്സൻകോയ, എസ്.പി.കബീർ, എസ്.പി.അവറാൻകുട്ടി, എസ്.പി.നഫീസ, എസ്.പി.സിദ്ദിഖ്.
അതേസമയം അത്യാഹിത വിഭാഗത്തിൽ രോഗികളുടെ തിരക്കും ഡോക്ടർമാരുടെ കുറവും കാരണം രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയായിരുന്നു. മെഡിസിൻ വിഭാഗത്തിലാണ് രോഗികളുടെ തിരക്ക് ഏറ്റവും അധികം അനുഭവപ്പെട്ടത്. ആംബുലൻസിൽ നിന്ന് രോഗികളെ ഇറക്കാനും മറ്റും വളന്റിയർമാരും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. ട്രോളി കിട്ടാനും ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.