വളാഞ്ചേരി : വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നു നാട്ടുകാര്‍ ആരോപിച്ചു. രോഗിയുമായി വന്ന കാര്‍ കുടുങ്ങിയെന്ന് പോലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ എത്താന്‍ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.