
കൊച്ചി : മലയാളികളെ എന്നും ചിരിപ്പിച്ച അതുല്യ കലാകാരന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. നവാസിന്റെ വിയോഗം വിശ്വസിക്കാനാവാതെയാണ് ചലച്ചിത്ര താരങ്ങളും ആരാധകരും ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവര്‍ ആശുപത്രിയില്‍ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു.
ലോഡ്ജില്‍ വീണുകിടന്ന നവാസിനെ രാത്രി ഒന്‍പതോടെയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ചു മരണം സ്ഥിരീകരിച്ചതോടെ വിവരമറിഞ്ഞു സഹപ്രവര്‍ത്തകര്‍ ഓടിയെത്തി. നടി സരയൂ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, കലാഭവന്‍ ഷാജോണ്‍, ലക്ഷ്മി പ്രിയ, കൈലാഷ്, അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി പതിനൊന്നോടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. വടക്കാഞ്ചേരി സ്വദേശികളായ നവാസും സഹോദരന്മാരായ കലാഭവന്‍ നിയാസും നിസാമും ആലുവയില്‍ എത്തിയിട്ടു വര്‍ഷങ്ങളായി. നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അടക്കം നവാസ് സജീവ സാന്നിധ്യമായിരുന്നു. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കള്‍ക്ക് മാത്രം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം. നാടക നടന്‍ കൊച്ചിന്‍ ഹസനാരുടെ മകളാണ് നവാസിന്റെ ഭാര്യയായ നടി രഹ്ന.