അബൂദാബി : അബൂദാബിയില്‍ വച്ച് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ഇവിടെത്തന്നെ സംസ്‌കരിക്കുകയാണ് പലരും ചെയ്തിരുന്നത്. ഉറ്റവരെ ഒരു നോക്കു കാണാന്‍ കാണാന്‍ പോലും പലര്‍ക്കും അവസരമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇതാ അതിന് പരിഹാരമായിരിക്കുകയാണ്. പ്രവാസത്തിനിടെ അബുദാബി എമിറേറ്റില്‍ വച്ച് മരിക്കുന്നവരുടെ മരണാനന്തര ചെലവുകള്‍ അബുദാബി സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തു. മരണ സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സ്, എംബാമിങ്, മൃതദേഹം നാട്ടിലെത്തിക്കല്‍ തുടങ്ങിയവയ്ക്കുള്ള ചെലവ് ഇനി അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യുഷന്‍ (മആന്‍) വഹിക്കും.
മരണ സര്‍ട്ടിഫിക്കറ്റിന് 100 ദിര്‍ഹം, എംബാമിങ് 1,200 ദിര്‍ഹം, കാര്‍ഗോ നിരക്ക് 3000 ദിര്‍ഹം (എയര്‍ ഇന്ത്യ എക്‌സ്പ്രസ്) എന്നിവ ഉള്‍പ്പെടെ മൊത്തം 4,300 ദിര്‍ഹമാണ് (99,588 രൂപ) ഈയിനത്തില്‍ പ്രവാസികള്‍ക്കു വേണ്ടി സര്‍ക്കാര്‍ വഹിക്കുക. വിവിധ എയര്‍ലൈനുകളിലെ കാര്‍ഗോ നിരക്ക് അനുസരിച്ച് വരുന്ന ഏറ്റക്കുറച്ചിലും സര്‍ക്കാര്‍ തന്നെ നല്‍കും. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി, ഓഗസ്റ്റ് ഒന്നുമുതല്‍ പരീക്ഷണാര്‍ഥം മിക്ക ഫീസുകളും ഒഴിവാക്കിയിരുന്നു, എന്നാല്‍, മൃതദേഹം വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള കാര്‍ഗോ ഫീസ് ഈടാക്കിയിരുന്നു.ഇനി ഈ തുക കൂടി സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനാകും.
സര്‍ക്കാര്‍ ജനുവരിയില്‍ രൂപീകരിച്ച സനദ്‌കോം സമിതിയാണ് മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. മരണം സ്ഥിരീകരിച്ചാല്‍ സനദ്‌കോം പ്രതിനിധികള്‍ ആവശ്യമായ രേഖകള്‍ ശരിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.