
കാസര്‍കോട് : കടുത്തുരുത്തിയില്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്നു യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ (32) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറിയതായും പറയുന്നു.
ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാളുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അരുണ്‍ ഞായറാഴ്ചയാണു സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയത്. ആതിരയ്ക്ക് വിവാഹാലോചന നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറിയതായും പറയുന്നു.
ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അരുണിന്റെ ഫോണില്‍ നിന്ന് അവസാനം സിഗ്‌നല്‍ ലഭിച്ചത് കോയമ്പത്തൂരില്‍ നിന്നാണ്. ഇവിടം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മെയ് മാസം രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ വിദ്യാധരന്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തത്. കൂടുതല്‍ സമയവും മുറിക്കുള്ളില്‍ ചിലവഴിച്ച ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി അരമണിക്കൂര്‍ നേരത്തേക്ക് പുറത്ത് പോയ ഇയാള്‍ മദ്യപിച്ചാണ് തിരിച്ചെത്തിയത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമില്‍ നിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബര്‍ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.