Thursday, September 18

മലയാള സിനിമയുടെ അമ്മ മുഖം ഇനിയില്ല ; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ വേഷത്തില്‍ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്.

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതതാല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ നാടകത്തില്‍ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിര്‍ബന്ധത്താല്‍ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആര്‍ട്‌സ്‌ക്‌ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പതിനാലാം വയസ്സില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാന്‍ഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തില്‍ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തില്‍ അഭിനിയിച്ചത്. തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. പി.എന്‍.മേനോന്‍, വിന്‍സെന്റ്, എം.ടി.വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു. മേഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വട്ടം (1971, 1972, 1973, 1994) നേടിയിട്ടുണ്ട്.

സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍ ബിന്ദു. മരുമകന്‍ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനില്‍ പ്രഫസര്‍). അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്

error: Content is protected !!