ആധുനിക ഇന്ത്യയുടെ പ്രത്യേകത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റുവി ന്റെ നേതൃത്വമാണ് വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണത്തിന് സഹായകമായത്. ഈ മുന്നേറ്റം പുതിയ ഡിജിറ്റല്‍ യുഗത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
അലിഗഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സയ്യിദ് അലി നദീം റസാവി അധ്യക്ഷത വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രരചനയുടെ പ്രധാന പ്രതിസന്ധി വര്‍ഗീയ ശക്തികളുടെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതിയില്‍ ചരിത്ര രചന നടത്തുന്നതില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തി യ ശ്രമങ്ങള്‍ ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.എം. എസ്. ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. അശോകന്‍, അഡ്വ. എം.ബി. ഫൈസല്‍, ഡോ. വി. എല്‍. ലജീഷ്, വിനോദ് നീക്കാം പുറത്ത്, ടി. ശബീഷ് എന്നിവര്‍ സംസാരിച്ചു. ഹൈദരാബാദ് സര്‍വകലാശയിലെ ഡോ. സുജിത് കുമാര്‍ പാറയില്‍, അലഹബാദ് ജി. ബി. പന്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അര്‍ച്ചനാ സിങ്, തഞ്ചാവൂര്‍ സര്‍വകലാശാലയിലെ ഡോ. വി. സെല്‍വകുമാര്‍, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുന്‍ ചരിത്ര വകുപ്പ് മേധാവി ഡോ. പി. പി. അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗവുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 16-ന് സമാപിക്കും.