പരപ്പനങ്ങാടി സി ഐ യുവാക്കളെ മർദ്ദിച്ചതായി പരാതി, പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ചുഴലി പടിക്കപുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിൻ്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോളാണ് എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9

എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ലെന്ന്‌ യുവാക്കൾ പറഞ്ഞു. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി ജീപ്പിലേക്ക് മർദ്ദിച്ച് കയറ്റുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. തുടർന്ന് വളഞ്ഞ വഴികളിലൂടെ ഏറെ നേരം കൊണ്ടുപോയി ജീപ്പിലിട്ടും മർദ്ദിക്കുകയും സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിടുകയും ചെയ്തതായി ഇവർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ വീട്ടുകാരെ കാണിക്കാനും പോലീസ് തയ്യാറായില്ല. രാത്രി ബൂട്ടിട്ട് ചവിട്ടുകയും അടിക്കുകയും ഇരുമ്പു കൊണ്ടുണ്ടാക്കിയ ഗോളം പോലുള്ള സാധനം കൊണ്ട് ശരീരമാസകലം ഇടിക്കുകയും ചെയ്തു. സി ഐ ഹണി കെ ദാസിൻ്റെ നേതൃത്വത്തിൽ എസ് ഐ യും കണ്ടാലറിയാവുന്ന പോലീസുകാരും ചേർന്നായിരുന്നു മർദ്ദനമെന്ന് ഇവർ പറഞ്ഞു. മർദ്ദനത്തിൽ അക്ഷയിയുടെ ഇടത് കൈയ്യിൻ്റെ ചെറുവിരലിന് ക്ഷതം സംഭവിച്ചു. ശരീരമാസകലമുള്ള വേദന കൊണ്ട് നിവർന്ന് നൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാക്കൾ. രാത്രി ഏറെ വൈകി തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു. മർദ്ദനത്തിൻ്റെ വിവരം ഡോക്ടറോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച്ച മൂന്നു പേർക്കെതിരെയും കള്ളകേസെടുത്ത് കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്യിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ജാമ്യം നൽകി. യുവാക്കൾ മജിസ്ട്രേറ്റിനോട് പോലീസ് മർദ്ദിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും എഴുതി നൽകി.അഡ്വ. സി ഇബ്രാഹീം കുട്ടി യുവാക്കൾക്ക് വേണ്ടി ഹാജരായി.

അതേസമയം, യുവാക്കൾ എസ് ഐ ഐ ദേഹോപദ്രവം ഏൽപ്പിക്കുകയും 3 പൊലീസുകാരെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് കേസെടുത്തതായി സി ഐ പറഞ്ഞു.

error: Content is protected !!