പോപ്പുലർഫ്രണ്ടുമായി ബന്ധമെന്ന്, പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സിയാദ് സഹായം ചെയ്തിരുന്നു എന്നാണ് ആരോപണം. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/E24EYhRNG7PA7ClYupWnJW

ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഘട്ടത്തില്‍ സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം.

പി.എഫ്.ഐ പ്രവര്‍ത്തകരിലൊരാള്‍ സിയാദിന്റെ ബന്ധുവാണ്. പിന്നീട് ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരന്തരം പി.എഫ്.ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നത്രേ. ഇതിന്റെ തുടര്‍ച്ചയായി വിശദമായ അന്വേഷണം തന്നെയുണ്ടാകും.

പ്രാഥമികമായി പി.എഫ്.ഐ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.

അതേ സമയം, കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതിനിടെ, പോപുലർ ഫ്രണ്ട് പ്രവർത്തകർ ഹര്‍ത്താല്‍ ദിനത്തിൽ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറല്‍ – 25, 169
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 125
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 13, 23
തൃശൂര്‍ റൂറല്‍ – 27, 48
പാലക്കാട് – 7, 89
മലപ്പുറം – 34, 253
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 100
വയനാട് – 7, 116
കണ്ണൂര്‍ സിറ്റി – 26, 104
കണ്ണൂര്‍ റൂറല്‍ – 9, 31
കാസര്‍ഗോഡ് – 6, 62

error: Content is protected !!