തിരൂരങ്ങാടി : കുളത്തിൽ വീണു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കക്കാട് സ്വദേശിയും തെന്നല വില്ലേജ് ഓഫീസ് ജീവനക്കാരനുമായ യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 നായിരുന്നു അപകടം. എം എസ് എം ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ വെളിമുക്ക് പാലക്കലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ വന്നതായിരുന്നു. താഴ്ചയിലേക്ക് മുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ചേളാരി ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്‌ലാഹിന് വേണ്ടി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥന യിൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അഫ്‌ലാഹിന് വേണ്ടി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ പ്രാർത്ഥിക്കാൻ അഭ്യർത്ഥിചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന അഫലഹ് രാത്രി മരണത്തിന് കീഴടങ്ങി.
കോട്ടക്കൽ അൽഫാറൂഖ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഫ്‌ലഹ് തിരൂരങ്ങാടി മണ്ഡലം എം.എസ്.എം ഓർഗനൈസിംഗ് സെക്രട്ടറിയും സി ആർ ഇ സംസ്ഥാന കോ ഓർഡിനേറ്ററുമാണ്. എം എസ് എഫ് കക്കാട് യൂണിറ്റ് പ്രസിഡന്റും ആണ്. റിനൈ ടി വി കണ്ടന്റ് റൈറ്റർ ആയിരുന്നു.
മാതാവ് : റസിയ നൂർജഹാൻ കോഴിത്തൊടിക (പറമ്പിൽ പീടിക)
സഹോദരങ്ങൾ: നബീഹ്, റിഹാൻ
ഖബറടക്കം ഇന്ന് (വ്യാഴം) കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും