സ്കൂൾ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ തല്ല്, പിടിച്ചു മാറ്റാനെത്തിയ അധ്യാപകരെയും വളഞ്ഞിട്ട് തല്ലി

കൊണ്ടോട്ടി: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെയും വളഞ്ഞിട്ട് തല്ലി. അടി റോട്ടിലിറങ്ങിയതോടെ നാട്ടുകാർ കൈകാര്യം ചെയ്ത് വിദ്യാർഥികളെ സ്കൂളിലേക്ക് തന്നെ കയറ്റി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് അടിതുടങ്ങിയത്. സ്കൂളിനകത്തായിരുന്നു ആദ്യം അടി പൊട്ടിയത്. പിടിച്ചുമാറ്റാനെത്തിയ അധ്യാപകർക്കും രക്ഷയുണ്ടായിരുന്നില്ല. അധ്യാപകരെയും വിദ്യാർഥികൾ പൊതിരെ തല്ലി. അടി സ്കൂളിന് പുറത്തെത്തിയതോടെ വിഷയത്തിൽ നാട്ടുകാരും ഇടപെട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത വിദ്യാർഥികൾക്കും നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി.

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർത്ഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചെന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. സ്കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്കും പിടിഎക്കും കഴിയാത്ത അവസ്ഥയാണന്നും നാട്ടുകാർ പറയുന്നു. അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടത്തല്ലിൽ പൊലീസ് ഇതു വരെ കേസ് എടുത്തിട്ടില്ല. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!