
തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.
ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്.
വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV
ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ ദിവസം കക്കാട്ട് നായയുടെ കടിയേറ്റ സ്ത്രീകളുമായെത്തിയ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലും ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസും ജില്ലാ മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലും സീറം ലഭ്യമാക്കാൻ അനുമതി നൽകുകയായിരുന്നു.
തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് നിശ്ചിത അളവ് സീറം താലൂക്ക് ആശുപത്രിയിലും എത്തിക്കും. അടുത്ത ശനിയാഴ്ചയാണ് ആരംഭിക്കുക. അതിനു മുൻപ് ജീ വനക്കാർക്ക് പരിശീലനം നൽകുമെന്ന് സൂപ്രണ്ട് പറഞ്ഞു.