കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ

ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു

പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു. 

ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊബൈൽ ഫോണും പ്രവർത്തനം നിലച്ചിരുന്നു. മീൻപിടിത്തത്തിനായി കടലിൽ വലയിറക്കി തിരിച്ചു കയറ്റുന്നതിനിടയിലാണ് എൻജിനിൽ വെള്ളം കയറുന്നത്. തൊട്ടുപിന്നാലെ തന്നെ എൻജിൻ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെ വള്ളത്തിലുണ്ടായിരുന്ന മത്സ്യം കടലിൽ ഉപേക്ഷിച്ചു. ഇന്നലെ ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് ബോട്ടുകാർ രക്ഷപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി മുതൽ ഫിഷറീസ് സുരക്ഷാ ബോട്ടും ഇന്നലെ രാവിലെ മുതൽ കപ്പലും ഹെലികോപ്റ്ററും വരെ തിരച്ചിൽ നടത്തിയിട്ടും അപകടത്തിൽപെട്ട ബോട്ട് കണ്ടെത്തുന്നത് മീൻപിടിത്ത വള്ളക്കാരായിരുന്നു. പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെ ഇവർക്ക് കയ്യിലുള്ള ഭക്ഷണം പങ്കുവച്ചു. 

 സുരക്ഷാ ബോട്ട് അടുത്തെത്തും വരെ അപകടത്തിൽപെട്ട വള്ളത്തിന്റെയടുത്തു നിന്നും മാറാതെ നിന്നു. ഒപ്പം തന്നെ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി വയർലെസ് സന്ദേശങ്ങൾ നൽകി കടലിന്റെ ഓരോ ദിശയിലും മറ്റ് ബോട്ടുകളും വള്ളങ്ങളും നിലയുറപ്പിച്ചിരുന്നു. പൊന്നാനി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ആയിഷ, യൂനസ് എന്ന ബോട്ടുകളും ആർകെ എന്ന വള്ളവും വയർലെസ് സന്ദേശങ്ങൾ കൈമാറുന്നതിന് ഇടനിലക്കാരായി നിന്നു.

അപകടത്തിൽ‌പെട്ട വള്ളം ഫിഷറീസ് ബോട്ടിൽ കെട്ടിവലിച്ച് ഹാർബറിലെത്തിച്ചു. തൊഴിലാളികളെ രാത്രി ഏഴു മണിയോടെ പൊന്നാനിയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് ഫിഷറീസ്  എക്സ്റ്റൻഷൻ ഓഫിസർ കെ.ശ്രീജേഷ്, ഫിഷറീസ് ഓഫിസർ എ.എ.സുലൈമാൻ, റെസ്ക്യൂ ഗാർഡുമാരായ ടി.സമീർ, കെ.സലീം, എ.പി.ജാഫറലി, എം.പി.അൻസാർ, ബോട്ട് ജീവനക്കാരായ ശിഹാബ്, സുലൈമാൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

error: Content is protected !!